തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. പ്രതിസന്ധി പരിഹരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കങ്ങൾക്ക് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതും സർക്കാരിന്റെ മെല്ലെപ്പോക്കുമാണ് നിലവിലെ അനിശ്ചിതത്വത്തിന് പ്രധാന കാരണം. നടപടികൾ ഇനിയും വൈകിയാൽ അടുത്ത മാസം മുതൽ സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായി കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷൻ ഉയർന്ന വില ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷൻ തള്ളിയത്. കൂടാതെ, കേരളത്തിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ വൈകിയതിനെ തുടർന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഏറ്റിരുന്ന ഹിമാചൽ പ്രദേശ് ഈ കരാറിൽ നിന്ന് പിന്മാറുകയും ചെയ്തു. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് കഴിഞ്ഞ മാസം കെ.എസ്.ഇ.ബി നൽകിയ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും ഇതിലും ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. എന്നാൽ, മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഇപ്പോഴും പഴയപടിയായിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അടുത്തമാസം രാത്രി സമയങ്ങളിൽ സംസ്ഥാനത്ത് 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.




+ There are no comments
Add yours