പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ വിചിത്രവാദവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. അട്ടപ്പാടിയിലേക്ക് വന്ന് സേവനമനുഷ്ഠിക്കാൻ പല ഡോക്ടർമാർക്കും താത്പര്യമില്ലെന്നും, അതാണ് പ്രതിസന്ധികൾക്ക് കാരണമെന്നുമാണ് മന്ത്രിയുടെ വാദം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, ഡോക്ടർമാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നിലവിലെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി.
വിദഗ്ധ സമിതിയിലെ ഡോക്ടർമാർ അട്ടപ്പാടിയിലെ ഊരുകളിലെത്തി ഇതിനോടകം പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും, അതിനാൽ താൻ ഇപ്പോൾ നേരിട്ട് അവിടേക്ക് പോകേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം അവതാളത്തിലാകാൻ കാരണം ഫണ്ടിന്റെ അപര്യാപ്തതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതിയുടെ സമഗ്രമായ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ അട്ടപ്പാടിയിലെ വിഷയങ്ങളിൽ കൃത്യമായ ചിത്രം വ്യക്തമാകൂ. പ്രതിപക്ഷമുൾപ്പെടെ ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാല് മാസത്തിനിടെ പത്ത് നവജാത ശിശുക്കളാണ് മതിയായ ചികിത്സയോ പോഷകാഹാരമോ ലഭിക്കാതെ അട്ടപ്പാടിയിൽ മരിച്ചത്.




+ There are no comments
Add yours