കൊച്ചി: മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാനച്ചടങ്ങിൽ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥികൾ നടത്തിയത് തികച്ചും സമാധാനപരമായ പ്രതിഷേധമാണെന്നും, ഇതിന്റെ പേരിൽ ആരും ഭയപ്പെടുത്താൻ നോക്കേണ്ടെന്നും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ മിസിരിയ. ഇത്തരം നടപടികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും അവർ കൈരളി ന്യൂസിനോട് പ്രതികരിച്ചു. ഇത് മഹാരാജാസാണ്, ഇതുപോലെ നിരവധി സമരങ്ങൾക്ക് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും മിസിരിയ ഓർമ്മിപ്പിച്ചു.
യാതൊരുവിധ ആയുധങ്ങളോ മുദ്രാവാക്യം വിളികളോ ഇല്ലാതെ, പ്ലക്കാർഡുകൾ ഉയർത്തി ജനാധിപത്യപരമായി ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് വിദ്യാർത്ഥികൾ ചെയ്തത്. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ ബോധമുള്ള മുതിർന്ന വിദ്യാർത്ഥികളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഇയർ ബാക്ക്, സെം ഔട്ട് പ്രശ്നങ്ങളിലെ അധികൃതരുടെ വിദ്യാർത്ഥിവിരുദ്ധ നിലപാടും, വിദ്യാർത്ഥികളെ ‘അപരിഷ്കൃതർ’ എന്ന് വിശേഷിപ്പിച്ച മന്ത്രിയുടെ മുൻ പ്രസ്താവനയുമാണ് ഉദ്യോഗാർത്ഥികൾ ചോദ്യം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഈ ജനാധിപത്യപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രി മടങ്ങുകയായിരുന്നുവെന്നും, പ്രതികരിക്കാൻ മുന്നോട്ടുവന്ന വിദ്യാർത്ഥിയെ അധ്യാപകരും പോലീസും ചേർന്ന് ബലമായി പിടിച്ചുമാറ്റിയെന്നും അവർ വെളിപ്പെടുത്തി.
ബിരുദദാനച്ചടങ്ങ് അലങ്കോലപ്പെടുത്തിയെന്ന ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. സംഭവത്തിന്റെ ചില ഭാഗങ്ങൾ മാത്രം അടങ്ങുന്ന ചെറിയ വീഡിയോ ക്ലിപ്പുകൾ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. പൂർണ്ണമായ വീഡിയോ കണ്ടാൽ അവിടെ യാതൊരുവിധ അക്രമവും നടന്നിട്ടില്ലെന്ന് വ്യക്തമാകും. ചടങ്ങ് ഒട്ടും തടസ്സപ്പെട്ടിട്ടില്ലെന്നും, അവസാനത്തെ വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷം മറ്റ് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പരിപാടി ഭംഗിയായിത്തന്നെ അവസാനിച്ചുവെന്നും മിസിരിയ വ്യക്തമാക്കി.




+ There are no comments
Add yours