ദൈർഘ്യം കൂടിയ വീഡിയോകൾ പങ്കുവെക്കാൻ സാധിക്കാത്ത ക്രിയേറ്റർമാരുടെ നിരാശയ്ക്ക് പരിഹാരം കാണാൻ ഇൻസ്റ്റാഗ്രാം ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് 90 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. നീളമേറിയ വീഡിയോകൾ പങ്കുവെക്കുന്നതിനായി യൂട്യൂബിനെ ആശ്രയിക്കുന്ന ക്രിയേറ്റർമാരെ ഇൻസ്റ്റാഗ്രാമിൽ തന്നെ നിലനിർത്തുകയാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ഇൻസ്റ്റാഗ്രാം റീൽസിൽ പരമാവധി 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ യൂട്യൂബിൽ ചില അക്കൗണ്ടുകൾക്ക് 12 മണിക്കൂർ വരെയുള്ള വീഡിയോകൾ വരെ പങ്കുവെക്കാൻ കഴിയും. ഈ വലിയ വ്യത്യാസം ഇല്ലാതാക്കാനാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ലാൻഡ്‌സ്‌കേപ്പ് (Landscape) രീതിയിൽ ചിത്രീകരിച്ചിട്ടുള്ള വീഡിയോകൾക്കാണ് പുതിയ ഫീച്ചർ പ്രധാനമായും മുൻഗണന നൽകുന്നത്. സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ, ഡെസ്ക്ടോപ്പ് എന്നിവയ്ക്ക് പുറമെ ഇൻസ്റ്റാഗ്രാം ഫോർ ടി.വി ആപ്പിലും ഈ പുതിയ മാറ്റം ലഭ്യമാകും.
അതേസമയം, വീഡിയോകളുടെ ദൈർഘ്യം കൂട്ടുന്നുണ്ടെങ്കിലും മികച്ച സാമ്പത്തിക നേട്ടം ഇൻസ്റ്റാഗ്രാം നൽകുന്നില്ല എന്ന വിമർശനവും ശക്തമാണ്. യൂട്യൂബ് പാർട്ണർ പ്രോഗ്രാം വഴി പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ക്രിയേറ്റർമാർക്ക് കൃത്യമായി ലഭിക്കുമ്പോൾ, ഇൻസ്റ്റാഗ്രാമിൽ അത്തരത്തിലുള്ള മികച്ച മോണിറ്റൈസേഷൻ സംവിധാനങ്ങൾ ഇതുവരെ പൂർണ്ണമായും നിലവിൽ വന്നിട്ടില്ല എന്നത് പല ക്രിയേറ്റർമാരെയും പിന്നോട്ട് വലിക്കുന്നുണ്ട്.




+ There are no comments
Add yours