തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാർക്കെതിരെ പോലീസ് കേസെടുത്താലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി. കേസെടുത്ത നടപടി തങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്നും, എന്നാൽ നീതി ലഭിക്കുന്നതുവരെ കൂടുതൽ കരുത്തോടെ സമരം തുടരുമെന്നും സമരസമിതി സെക്രട്ടറിയും പ്രധാന നേതാവുമായ വളർമതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ ജാഥ നടത്തിയെന്നാരോപിച്ചാണ് തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് സമരക്കാർക്കെതിരെ കേസെടുത്തത്. വളർമതിയാണ് കേസിലെ ഒന്നാം പ്രതി. ഇതിന് പുറമെ തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുവീഥികളിൽ ജാഥകൾ പാടില്ലെന്ന ഉത്തരവ് ലംഘിച്ചെന്നും കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചെന്നുമാണ് കേസ്.
എന്നാൽ, ഇത്തരം പ്രതികാര നടപടികൾക്കൊണ്ട് തങ്ങളെ അടിച്ചമർത്താനാകില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് അക്രമമാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഷാഫി പറമ്പിൽ എം.പിക്കും എതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും വളർമതി ചോദിച്ചു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാലാണ് ഉദ്യോഗാർത്ഥികൾക്ക് വീണ്ടും തെരുവിലിറങ്ങേണ്ടി വന്നത്.
അതേസമയം, പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ സമരം കൂടുതൽ ശക്തമാക്കി. 118-ാം ദിവസത്തിലേക്ക് കടന്ന സമരത്തിന്റെ ഭാഗമായി വളർമതിയുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് ഗേറ്റ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രതികരണത്തിൽ പ്രതിഷേധിച്ച് നേരത്തെ വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുക എന്ന പ്രധാന ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ ആവർത്തിച്ചു.




+ There are no comments
Add yours