തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം (Well-Marked Low pressure area) രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്രാപിക്കും. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് വീണ്ടും കരുത്താർജിച്ച് ചുഴലിക്കാറ്റായി (Cyclonic Storm) മാറാനാണ് സാധ്യത. പിന്നീട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നവംബർ രണ്ടിന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ) സാധ്യതയുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.




+ There are no comments
Add yours