തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ ബൈജുവിനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ചെയർമാന് പുറമെ പി.എസ്.സിയിലെ മറ്റ് ചില അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പരീക്ഷാ തട്ടിപ്പിലൂടെ അർഹരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നാണ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെ മറ്റ് മൂന്ന് പ്രധാന തസ്തികകളിലെ നിയമനങ്ങളിലും വ്യാപക പരാതികളുയർന്നിരുന്നു. ഖാദി ബോർഡ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എന്നീ തസ്തികകളിലെ പരീക്ഷകളിലാണ് ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. ഇതിൽ രണ്ട് സംഭവങ്ങളിൽ എസ്.ഐ.ടി കേസെടുക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പി.എസ്.സി ചെയർമാനെ അടക്കം പ്രതിചേർത്ത് ഇപ്പോൾ എഫ്.ഐ.ആർ എടുത്തിരിക്കുന്നത്.
അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ അന്വേഷണസംഘം ഇന്ന് ചോദ്യംചെയ്യും. ഇതിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിലെ ഉന്നതരുടെ പങ്ക് കണ്ടെത്താനാണ് ഈ ചോദ്യംചെയ്യൽ.




+ There are no comments
Add yours