തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാരുടെ സമരസമിതി നേതാവ് വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഈ നടപടിയിൽ പ്രതിഷേധിച്ച് സമരപ്പന്തലിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികളും കൂട്ട നിരാഹാര സമരം ആരംഭിച്ചു. വളർമതിയെ തിരികെ വിട്ടയക്കുന്നതുവരെ നിരാഹാരം തുടരുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രഖ്യാപനം.
സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് യുവമോർച്ച പ്രവർത്തകർ കൂടി രംഗത്തെത്തിയതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി. പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട യുവമോർച്ച പ്രവർത്തകരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിന് പിന്നാലെയാണ് വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വളർമതിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയാൽ ഇവരെ തിരികെ സമരപ്പന്തലിലേക്ക് തന്നെ മാറ്റുമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ തങ്ങളുടെ നേതാവിനെ ബലംപ്രയോഗിച്ച് മാറ്റിയതിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് റാങ്ക് ഹോൾഡർമാരുടെ തീരുമാനം.




+ There are no comments
Add yours