കൊച്ചി: എറണാകുളം കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പെൺകുട്ടികളെ വലയിലാക്കാൻ ശ്രമം നടന്നതായി പോലീസിന് വിവരങ്ങൾ ലഭിച്ചു. സ്പാ ജോലി വാഗ്ദാനം ചെയ്ത് മുഖ്യപ്രതി ശ്രീരാജ് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ശ്രീരാജിന്റെ മൊബൈൽ ഫോണിലെ ചാറ്റുകളിൽ നിന്ന് വിവരങ്ങൾ ലഭിച്ച 15-ഓളം യുവതികളെ പോലീസ് ബന്ധപ്പെട്ടുവരികയാണ്. ഇവർക്ക് നേരെ ലൈംഗിക അതിക്രമങ്ങളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. കൂടുതൽ പരാതികൾ ഉയർന്നാൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും.

കേസിലെ ഒന്നാം പ്രതി ശരണ്യയ്ക്ക് പുറമെ സ്ഥാപനത്തിലെ മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ പ്രതികളുടെയും കേസുമായി ബന്ധപ്പെട്ട സ്പാകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനായി പോലീസ് ബാങ്ക് അധികൃതർക്ക് കത്ത് നൽകും. അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചുറിഞ്ഞിരുന്നു.
ലോഡ്ജിൽ വച്ച് രണ്ട് പേർ കൂടി പീഡിപ്പിച്ചതായും എം.ഡി.എം.എ നൽകിയ ശേഷമാണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്നും അതിജീവിത പോലീസിന് വിശദമായ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് അതിജീവിതയുടെ ഭർത്താവ് അറിയിച്ചു. പ്രതികളുടെ ഗുണ്ടാബന്ധങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കി.




+ There are no comments
Add yours