അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ട്; സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

Estimated read time 1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സിന്റെ നാല് ആവശ്യങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ, അഞ്ചാമത്തെ ആവശ്യമായ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി കുറയ്ക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പല ജില്ലകളിലെയും സർക്കാർ സ്കൂളുകളിൽ നിലവിലെ യഥാർത്ഥ അനുപാതം 1:19 ആണ്. അനുപാതത്തിൽ മാറ്റം വരുത്തിയതുകൊണ്ട് മാത്രം അധ്യാപകരുടെ എണ്ണം വർദ്ധിക്കില്ലെന്നും, സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമരക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തിയാൽ അംഗീകരിച്ച ആവശ്യങ്ങളിൽ ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇല്ലാത്ത ഒഴിവുകളിലേക്ക് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പി.എസ്.സിയുടെ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതി പരിശോധിക്കുമെന്നും, ഇക്കാര്യത്തിൽ പി.എസ്.സിയുമായി ചർച്ച നടത്തുമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours