ന്യൂഡൽഹി: ബെംഗളൂരുവിലെ വൻ പ്രതിഷേധത്തിന് പിന്നാലെ ഡൽഹിയിൽ ‘ജന്തർ മന്തർ 2.0’ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, വോട്ടർ പട്ടിക സുതാര്യമാക്കാത്ത എസ്.ഐ.ആർ (SIR) പ്രക്രിയ റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാളെ സി.ജെ.പി പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. 50,000-ത്തിലധികം ആളുകൾ നഗരത്തിൽ ഒത്തുകൂടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും ഡൽഹി പോലീസും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സമരം തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോളേജുകൾ, പി.ജി ഹോസ്റ്റലുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സമരക്കാർക്ക് കൂട്ടത്തോടെ ഭക്ഷണം നൽകരുതെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയ പോലീസ്, ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പുതിയ ബുക്കിംഗുകൾക്ക് വിലക്കേർപ്പെടുത്തി. സുരക്ഷ മുൻനിർത്തി 221 കമ്പനി കേന്ദ്രസേനയെയും (23,000 സേനാംഗങ്ങൾ) ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. സമരം ചെയ്യുന്നവരെ പാർപ്പിക്കാനായി ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം ഉൾപ്പെടെ 10 താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളും സജ്ജമാക്കി.

ഡൽഹി അതിർത്തികളിൽ പരിശോധന കർശനമാക്കുകയും റെയിൽവേ, ആപ്പ് അധിഷ്ഠിത ക്യാബ് സർവീസുകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 40 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കാനും സാധ്യതയുണ്ട്. നഗരത്തിലെ മദ്യവിൽപനശാലകൾ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. അതിനിടെ, ഗുജറാത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സത്യേഷ് ലെഉവയെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന ചില കേന്ദ്ര സർക്കാർ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.




+ There are no comments
Add yours