കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ഡി.എം.ഒ. ചെമ്പ്രകാനം സ്വദേശിനി മാധവിയുടെ മരണത്തിലാണ് ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നത്.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നും മരണവിവരം ഡോക്ടർമാർ മറച്ചുവെച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മാധവിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, അനസ്തേഷ്യ നൽകിയതിലോ ശസ്ത്രക്രിയയ്ക്കിടയിലോ പിഴവ് സംഭവിച്ചോ എന്ന് സംശയമുണ്ടെന്നും കുടുംബം പരാതിപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുകൊണ്ടുവന്ന മാധവിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റുന്നതിനിടെ രക്തസമ്മർദ്ദം കുറയുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അധികൃതർ ഡി.എം.ഒയ്ക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാധവിയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും.




+ There are no comments
Add yours