കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു; രാജ്മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ എ-കെ.സി ഗ്രൂപ്പുകൾ

Estimated read time 0 min read

തിരുവനന്തപുരം: പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം കടുക്കുന്നു. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ എ ഗ്രൂപ്പ് പരസ്യമായി രംഗത്തിറങ്ങും. എ ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് കെ.സി ഗ്രൂപ്പിന്റെയും പൂർണ്ണ പിന്തുണയുണ്ട്. ഉണ്ണിത്താന്റെ പരാമർശങ്ങൾക്കെതിരെ ഒന്നിച്ച് നീങ്ങാനാണ് ഇരുഗ്രൂപ്പുകളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബഹനാനും കെ.സി. ജോസഫും ഇന്ന് മാധ്യമങ്ങളെ കാണും.

ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നിൽ ഗൂഢതാൽപര്യമാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫിയെ പരിഗണിക്കുന്നത് തടയുകയാണ് ഉണ്ണിത്താന്റെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. കെ.പി.സി.സി അധ്യക്ഷനാകാൻ കഴിയാത്തതിന്റെ അമർഷമാണ് ഉണ്ണിത്താൻ ഷാഫിക്കെതിരെ തീർക്കുന്നതെന്നാണ് ഷാഫി പക്ഷത്തിന്റെ വിമർശനം.

അതേസമയം, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. കെ.പി.സി.സി പുനഃസംഘടനയിൽ സ്ഥാനം ഉറപ്പിക്കുന്നതിനായി ഷാഫി പറമ്പിൽ കെ.സി പക്ഷത്തെയും എ ഗ്രൂപ്പിനെയും കൂട്ടുപിടിക്കുകയാണെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.

+ There are no comments

Add yours