തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്കും സമൂഹമാധ്യമങ്ങളിലെ ചേരിതിരിഞ്ഞുള്ള യൂത്ത് കോൺഗ്രസ് പോസ്റ്റുകൾക്കുമിടെ ഷാഫി പറമ്പിലിന് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രസ്ഥാനത്തിന് കരുത്തായും പ്രവർത്തകർക്ക് ആവേശമായും മാറി ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണ് ഷാഫി പറമ്പിൽ എന്ന് സുധീർഷ പാലോട് എം.എൽ.എ വ്യക്തമാക്കി. സാധാരണ പ്രവർത്തകരെ ചേർത്തുപിടിക്കാനും അവരുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, യുവനേതാക്കളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കാണ് ഷാഫി വഹിച്ചതെന്നും സുധീർഷ പാലോട് പറഞ്ഞു.
നേരത്തെ, നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തും ഷാഫി പറമ്പിലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഭിജിത്തിന്റെ പ്രതികരണം. വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ വിശ്വസിച്ച് അധികാരത്തിലേറ്റിയ പൊതുജനത്തെ വെറുപ്പിക്കരുതെന്നും അദ്ദേഹം കുറിപ്പിൽ അഭ്യർത്ഥിച്ചു.
ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച രൂക്ഷവിമർശനങ്ങൾക്കും ഉമ്മൻ ചാണ്ടിയുടെ കുടുംബം തള്ളിപ്പറഞ്ഞതിനും പിന്നാലെയാണ് യുവനേതാക്കൾ പ്രതിരോധവുമായി എത്തുന്നത്. പൊതുവെ വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നയാളും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിട്ടും തഴയപ്പെട്ട ഘട്ടങ്ങളിൽ പോലും പരസ്യ പ്രതികരണത്തിന് മുതിരാത്തയാളുമായ കെ.എം. അഭിജിത്തിന്റെ പിന്തുണ രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ ലോക്‌സഭാ മണ്ഡലമായ വടകരയുടെ ഭാഗമായ നാദാപുരത്ത് നിന്നുള്ള എം.എൽ.എ കൂടിയായ അഭിജിത്ത്, ഈ പ്രതിസന്ധി ഘട്ടത്തിൽ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ കോൺഗ്രസ് എം.എൽ.എയാണ്.




+ There are no comments
Add yours