സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനും ബോധവൽക്കരണം ശക്തമാക്കുന്നതിനും ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനമാണ് ഇന്ന്. വിവിധ തലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സജീവമായി നടക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറവുണ്ടാകുന്നില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. വീടുകളിലെ ഗാർഹിക പീഡനം മുതൽ തൊഴിലിടങ്ങളിലെ ചൂഷണങ്ങൾ, പൊതുയിടങ്ങളിലെ അരക്ഷിതാവസ്ഥ, സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾ എന്നിവ വരെ നീളുന്ന ഈ അതിക്രമങ്ങൾ ലോകത്തെ ഏറ്റവും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നായി തുടരുകയാണ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം രാജ്യത്ത് ഓരോ 18 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 24,888 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
1960 നവംബർ 25-ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഏകാധിപതിയായിരുന്ന റാഫേൽ ട്രൂജില്ലോയുടെ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ മിറാബൽ സഹോദരിമാരായ പാട്രിയ, മിനർവ, മരിയ തെരേസ എന്നിവർ ക്രൂരമായി കൊലചെയ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിനും ലിംഗവിവേചനത്തിനുമെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളായി മാറിയ ഈ സഹോദരിമാരുടെ സ്മരണാർത്ഥമാണ് 1981-ൽ ലാറ്റിൻ അമേരിക്കൻ, കരീബിയൻ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ നവംബർ 25 അതിക്രമവിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. തുടർന്ന് 2000 ഫെബ്രുവരി 7-ന് ഐക്യരാഷ്ട്രസഭ ഈ ദിനത്തിന് ഔദ്യോഗിക അംഗീകാരം നൽകി.
കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും സ്ത്രീകളുടെ പരാതികളിൽ സമയബന്ധിതവും കാര്യക്ഷമവുമായ ഇടപെടലുകൾ നടത്തുകയും ചെയ്താൽ മാത്രമേ ഇത്തരം അതിക്രമങ്ങൾ തടയാനാകൂ. സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാനും അഭിമാനത്തോടെ മുന്നേറാനും കഴിയുന്ന സുരക്ഷിതമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സമൂഹം ഒന്നടങ്കം കൈകോർക്കേണ്ടതുണ്ട്.




+ There are no comments
Add yours