വേനൽകാല വൈദ്യുതി പ്രതിസന്ധി തടയാൻ കരുതൽ നീക്കം: ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വൈദ്യുതി വാങ്ങാൻ KSEB ടെൻഡർ ക്ഷണിച്ചു

Estimated read time 1 min read

തിരുവനന്തപുരം: വരുംവർഷങ്ങളിലെ വേനൽകാലത്ത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് തടയാൻ മുൻകൂർ നടപടികളുമായി കെ.എസ്.ഇ.ബി (KSEB). പ്രതിസന്ധി പരിഹരിക്കുന്നതിനായി 300 മുതൽ 1300 മെഗാവാട്ട് വരെ അധിക വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി പുതിയ ടെൻഡറുകൾ ക്ഷണിച്ചു. 2027 ജനുവരി 1 മുതൽ 2027 മേയ് 15 വരെയുള്ള കാലയളവിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തിലാണ് ഈ വൈദ്യുതി ലഭ്യമാക്കുന്നത്.

ടെൻഡറിലെ ഏറ്റവും കുറഞ്ഞ തുക (L1) വാഗ്ദാനം ചെയ്യുന്ന ഏജൻസികളിൽ നിന്നായിരിക്കും വൈദ്യുതി വാങ്ങുക. യൂണിറ്റിന് പത്ത് രൂപയിൽ കവിയരുതെന്നാണ് റെഗുലേറ്ററി കമ്മീഷൻ നൽകിയിട്ടുള്ള അനുമതി. ഔദ്യോഗിക മാനദണ്ഡങ്ങൾ പാലിച്ച് റെഗുലേറ്ററി കമ്മീഷന്റെ അന്തിമ അനുമതി ലഭിച്ച ശേഷമായിരിക്കും കരാർ ഉറപ്പിച്ച് വൈദ്യുതി വിതരണം ആരംഭിക്കുക.

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണങ്ങൾക്ക് താൽക്കാലിക ആശ്വാസമുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളിൽ ലോഡ്ഷെഡ്ഡിംഗിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വരുംവർഷങ്ങളിലെ കടുത്ത വേനൽ മുന്നിൽക്കണ്ട് വൈദ്യുതി ശേഖരണത്തിനും കൂടുതൽ പദ്ധതികളുടെ ആവിഷ്കരണത്തിനുമായി സർക്കാരും കെ.എസ്.ഇ.ബിയും സജീവ നീക്കം ആരംഭിച്ചിരിക്കുന്നത്.

+ There are no comments

Add yours