ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ഇന്ത്യാ സഖ്യം; ഡൽഹിയിൽ സുരക്ഷ കടുപ്പിച്ചു

Estimated read time 1 min read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വൻ സമരപരിപാടികളുമായി ഇന്ത്യാ സഖ്യം. ഡൽഹിയിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയിലൂടെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷ നേതാക്കളുടെ തീരുമാനം. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്തിച്ചേരാൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എം.പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ച് ഡൽഹിയിൽ കനത്ത സുരക്ഷാവലയം തീർത്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾ സമരത്തിൽ പങ്കാളികളായേക്കും. പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപമായ രാജ്ഘട്ടിൽ ഇന്ത്യാ സഖ്യം എം.പിമാർ പ്രാർത്ഥനായോഗം സംഘടിപ്പിച്ചിരുന്നു.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടിയും (CJP) അറിയിച്ചു. ഇടതുപക്ഷ യുവജന സംഘടനകളും എൽ.എസ്.യു.ഐയും സി.ജെ.പിയുമായി സഹകരിച്ച് സംയുക്ത പ്രതിഷേധത്തിൽ പങ്കാളികളാകും. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർക്കൊപ്പം പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും നാളത്തെ പ്രതിഷേധത്തിനെത്തും. മുംബൈയിലും ബെംഗളൂരുവിലും സി.ജെ.പി സംഘടിപ്പിച്ച സമരങ്ങൾക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. എന്നാൽ നാളത്തെ സമരത്തിന് ഡൽഹി പോലീസ് ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.

+ There are no comments

Add yours