റിയാദ്: സൗദി അറേബ്യയിലെ അബഹ, റിയാദ് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സൗദി അറേബ്യയ്ക്ക് ഇന്ത്യ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ആക്രമണത്തെ തുടർന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.
മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങൾക്ക് മുകളിലൂടെയല്ലാതെ സൗദി വ്യോമാതിർത്തി വഴി സർവീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികൾക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങൾക്ക് നേരെ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. സൗദി നഗരങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെ, യെമൻ സർക്കാർ സേനയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ സൗദി പിന്തുണയോടെയുള്ള പ്രത്യാക്രമണവും ആരംഭിച്ചിട്ടുണ്ട്.




+ There are no comments
Add yours