തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും ഒക്ടോബർ 10-ന് നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കനത്ത കാറ്റിലും മഴയിലും എഴുകോണിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് മരം വെട്ടിമാറ്റി ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.




+ There are no comments
Add yours