കൊല്ലം: സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. പുനലൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ അച്യുത് എസിനെയാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി ലഭിച്ചതിനെ തുടർന്ന് കോളേജ് അക്കാദമിക് കൗൺസിൽ അടിയന്തര യോഗം ചേരുകയും വിദ്യാർത്ഥിയെയും രക്ഷിതാവിനെയും വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് നടന്ന അന്വേഷണത്തിൽ താൻ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് വിദ്യാർത്ഥി സമ്മതിച്ചു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടികളിലേക്ക് കടന്നത്. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്.
വിദ്യാർത്ഥിനികളുടെ പരാതി കോളേജ് അധികൃതർ പുനലൂർ പോലീസിനും കൈമാറി. സംഭവത്തിൽ ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കാക്കനാട് ഭാരത് മാതാ കോളേജിൽ അടുത്തിടെ നടന്ന സമാനമായ മോർഫിംഗ് കേസിന്റെ വ്യാപ്തി ഈ സംഭവത്തിനുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും.




+ There are no comments
Add yours