വീണ്ടും വൻ പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വൈറ്റ് കോളർ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഘട്ടംഘട്ടമായുള്ള പിരിച്ചുവിടൽ ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) വൻ നിക്ഷേപം നടത്താൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ എന്നതും ശ്രദ്ധേയമാണ്.
ആമസോൺ സ്റ്റോർ വിഭാഗത്തിൽ ജോലി ചെയ്യുന്നവരെയാണ് ഈ നടപടി പ്രധാനമായും ബാധിക്കുന്നത്. ഇതിനുപുറമെ കസ്റ്റമർ സർവീസ്, സെല്ലിങ് പാർട്ണർ സർവീസസ്, മാർക്കറ്റ്‌പ്ലേസ് സപ്പോർട്ട്, റീട്ടെയിൽ ഓപ്പറേഷൻസിലെ എൻജിനീയറിങ് വിഭാഗങ്ങൾ എന്നിവയിലെ ജീവനക്കാരെയും പിരിച്ചുവിടുന്നുണ്ട്. എന്നാൽ, കമ്പനിയുടെ മൊത്തം ജീവനക്കാരിൽ വളരെ ചെറിയൊരു വിഭാഗത്തെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂ എന്നാണ് ആമസോണിന്റെ വിശദീകരണം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന വൻതോതിൽ നടക്കുന്നതിനിടെയാണ് പിരിച്ചുവിടൽ വാർത്ത പുറത്തുവന്നിരിക്കുന്നത്.
ചെലവ് ചുരുക്കലിന്റെയും ഘടനാപരമായ മാറ്റങ്ങളുടെയും ഭാഗമായി 2025 അവസാനവും 2026 ജനുവരിയിലുമായി ഏകദേശം 30,000 കോർപ്പറേറ്റ് ജോലികളാണ് ആമസോൺ വെട്ടിക്കുറച്ചത്. നിലവിൽ എഐ അടിസ്ഥാന സൗകര്യങ്ങളായ ഡാറ്റാ സെന്ററുകൾ, ചിപ്പുകൾ എന്നിവയ്ക്കായി ഏകദേശം 220 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എഐയുടെ കടന്നുവരവും ഈ മേഖലയിലെ വൻ നിക്ഷേപവുമാണോ ഈ തുടർച്ചയായ തൊഴിൽ നഷ്ടങ്ങൾക്ക് പിന്നിലെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.




+ There are no comments
Add yours