മൂന്നാമത്തെയാൾക്കും കാൻസറാണേ’; രോഗവിവരം പുഞ്ചിരിയോടെ പങ്കുവെച്ച് ഡോക്ടർമാരായ സഹോദരിമാർ, വീഡിയോ വൈറൽ

Estimated read time 1 min read

മലപ്പുറം: ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകുന്നവർക്ക് മുന്നിൽ വലിയൊരു മാതൃകയാവുകയാണ് ഡോക്ടർമാരായ രണ്ട് സഹോദരിമാർ. കാൻസർ രോഗത്തോട് നിരന്തരം പോരാടുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായ ഡോ. ചിത്ര കളരിക്കലും ചേച്ചി താര കളരിക്കലും പുതിയ രോഗവിവരം തികഞ്ഞ ആത്മവിശ്വാസത്തോടെ തുറന്നുപറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

താരയ്ക്ക് ലുക്കീമിയ സ്ഥിരീകരിച്ച വിവരമാണ് സഹോദരിമാർ ഇൻസ്റ്റാഗ്രാമിലൂടെ വളരെ ‘കൂളായി’ പങ്കുവെച്ചിരിക്കുന്നത്. ബയോപ്സിക്ക് മുന്നോടിയായുള്ള സ്ക്രീനിംഗിലാണ് രോഗം കണ്ടെത്തിയത്. വിവരമറിഞ്ഞപ്പോൾ ആദ്യം ഞെട്ടിയെങ്കിലും, സങ്കടപ്പെട്ടിരുന്നിട്ട് യാതൊരു പ്രയോജനവുമില്ലെന്നും എന്ത് പ്രശ്നം വന്നാലും നേരിടുക മാത്രമാണ് പോംവഴിയെന്നും ഇരുവരും വീഡിയോയിൽ പറയുന്നു. ഇത് ജീവിതത്തിലെ വളരെ സാധാരണമായ ഒരു ദിവസം മാത്രമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ഇവരുടെ അമ്മ കാൻസർ ബാധിച്ചാണ് മരിച്ചത്. കൂടാതെ മൂത്ത സഹോദരിയായ ഡോ. സൂര്യ കാൻസറിനെ പൊരുതി തോൽപ്പിച്ച വ്യക്തിയുമാണ്. കുടുംബത്തിലെ മൂന്നാമത്തെയാൾക്കും കാൻസർ സ്ഥിരീകരിച്ചിട്ടും, പതറാതെ പുഞ്ചിരിയോടെ അതിനെ നേരിടാനൊരുങ്ങുന്ന സഹോദരിമാർക്ക് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

+ There are no comments

Add yours