മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിൽ; 32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K മികവിൽ തിയേറ്ററുകളിൽ

Estimated read time 1 min read

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 32 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിൽ. 1994-ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇപ്പോൾ റീ-റിലീസ് ചെയ്തിരിക്കുന്നത്. മികച്ച വരവേൽപ്പാണ് പുതിയ പതിപ്പിന് തിയേറ്ററുകളിൽ ലഭിക്കുന്നത്. മോഹൻലാലിന്റെ മാണിക്യൻ, ശോഭനയുടെ കാർത്തുമ്പി, നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ അനശ്വര കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ വീണ്ടും ആസ്വദിക്കാൻ പുതിയ തലമുറയ്ക്കും പഴയ പ്രേക്ഷകർക്കും ഇതിലൂടെ അവസരമൊരുങ്ങുന്നു.

ഒറിജിനൽ 35mm നെഗറ്റീവ് 4K-യിൽ സ്കാൻ ചെയ്ത് ഡിജിറ്റൽ റീസ്റ്റോറേഷൻ നടത്തിയാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഒറിജിനൽ ചിത്രത്തിന്റെ തനിമയും സ്വാഭാവികതയും നഷ്ടപ്പെടാതെയുള്ള റീമാസ്റ്ററിംഗിലൂടെ കെ.വി. ആനന്ദിന്റെ മനോഹരമായ ക്യാമറാ ഫ്രെയിമുകൾ കൂടുതൽ മിഴിവോടെ ബിഗ് സ്ക്രീനിൽ കാണാം. ഈ ദൃശ്യമികവിനൊപ്പം പുതിയതായി ഉൾപ്പെടുത്തിയ ഡോൾബി അറ്റ്‌മോസ് (Dolby Atmos) ശബ്ദവിന്യാസവും ചിത്രത്തിന് പുതുജീവൻ നൽകുന്നു.

പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. മികച്ച ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും മികച്ച പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഈ ചിത്രം അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.

+ There are no comments

Add yours