ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല നിയമിച്ചത്, മറ്റൊരു ബയോഡാറ്റയും ലഭിച്ചില്ല; വിവാദത്തിൽ വിശദീകരണവുമായി സീമാറ്റ് ഡയറക്ടർ

Estimated read time 1 min read

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിൽ (SIEMAT) അപേക്ഷ ക്ഷണിക്കാതെ താൽക്കാലിക നിയമനം നൽകിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഡയറക്ടർ അരുൺ കുമാർ. ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല ഷാനിക്ക് ജോലി നൽകിയതെന്നും അവരുടെ യോഗ്യത പരിഗണിച്ചാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സീമാറ്റിലെ തസ്തികകളെല്ലാം താൽക്കാലികമാണെന്നും സ്ഥിരനിയമനങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമായതിനാലാണ് ഔദ്യോഗികമായി നോട്ടിഫിക്കേഷൻ ഇറക്കാതിരുന്നത്. മുൻകാലങ്ങളിലും താൽക്കാലിക നിയമനങ്ങൾക്ക് വിജ്ഞാപനം ഇറക്കുന്ന പതിവില്ല. ഒഴിവ് വന്ന സമയത്ത് മറ്റൊരു ബയോഡാറ്റയും ലഭിച്ചിരുന്നില്ല. ഒഴിവുള്ള വിവരം ഇവർ എങ്ങനെ അറിഞ്ഞുവെന്ന് തനിക്കറിയില്ലെന്നും, ലഭിച്ച ബയോഡാറ്റ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് കണ്ടപ്പോൾ നിയമിക്കുകയായിരുന്നുവെന്നും ഡയറക്ടർ വിശദീകരിച്ചു. വിഷയം വിവാദമായ സാഹചര്യത്തിൽ നിയമനത്തിൽ എന്തെങ്കിലും ക്രമക്കേടുണ്ടോയെന്ന് സർക്കാരുമായി ആലോചിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ നടത്തിയ നിയമനത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സീമാറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഡയറക്ടറെ ഉപരോധിച്ചു.

+ There are no comments

Add yours