കൊച്ചി: ഏത് വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ തീരുമാനമാണെന്നും, ഇതിൽ നിയമപരമായ പിൻബലമില്ലാതെ ഇടപെടാൻ സമൂഹത്തിനോ മറ്റൊരാൾക്കോ യാതൊരു അവകാശവുമില്ലെന്നും ഹൈക്കോടതി. കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിൽ ചുരിദാർ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ തടഞ്ഞ സ്കൂൾ മാനേജരുടെ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. മാനേജരുടെ വിലക്കിനെതിരെ പ്രധാനാധ്യാപിക സിന്ധു എസ്. നായർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന ഒരു സ്ത്രീയുടെ അന്തസ്സ് നിശ്ചയിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ, സാരിയുടുത്ത് വരണമെന്ന് ആവശ്യപ്പെട്ട് മാനേജർ ഗേറ്റിൽ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് നിയമനടപടിക്ക് ആധാരം. ഇത്തരം നടപടികൾ ആവർത്തിക്കുകയും ഹർജിക്കാരിയെ മാനേജർ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്താൽ കൊട്ടാരക്കര എസ്എച്ച്ഒ (SHO) അവർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി കർശന നിർദ്ദേശം നൽകി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലവിലെ സർക്കുലർ പ്രകാരം അധ്യാപകർക്ക് സ്കൂളുകളിൽ ചുരിദാർ ധരിക്കാൻ പൂർണ്ണ അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാനേജരെ അയോഗ്യനാക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട അധികാരികൾക്ക് തീരുമാനമെടുക്കാം.
അതേസമയം, കേരളത്തിലെ സ്ത്രീകളുടെ ഒന്നാകെ അഭിമാനം ഉയർത്തുന്നതാണ് ഹൈക്കോടതിയുടെ ഈ പരാമർശങ്ങളെന്ന് പ്രധാനാധ്യാപിക സിന്ധു എസ്. നായർ പ്രതികരിച്ചു. തീർത്തും നിസ്സാരമായ ഒരു പ്രശ്നത്തെ ഇത്രത്തോളം വഷളാക്കിയത് മാനേജ്മെന്റിന്റെ പിടിവാശിയാണെന്നും, ഹൈക്കോടതിയുടെ ഈ ഉറച്ച നിലപാട് സമാനമായ സാഹചര്യങ്ങൾ നേരിടുന്ന മറ്റ് സ്ത്രീകൾക്കും വലിയ ധൈര്യം പകരുമെന്നും അവർ കൂട്ടിച്ചേർത്തു.




+ There are no comments
Add yours