കൊല്ലം: എംഎസ്‌സി എൽസ കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട നഷ്ടപരിഹാര പാക്കേജ് വൈകുന്നത് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ വ്യക്തമാക്കി. കേസ് എത്രയും വേഗം തീർപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ തുടരുകയാണ്. പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മെയ് 24-നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നതെങ്കിലും ഇതിന്റെ കെടുതികൾ തീരദേശം ഇപ്പോഴും അനുഭവിക്കുകയാണ്. കപ്പലിൽ നിന്ന് കടലിലേക്ക് വീണ കണ്ടെയ്നറുകൾ വലകളിൽ കുടുങ്ങി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്കുണ്ടായത്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തത് തൊഴിലാളികളുടെ ഉപജീവനത്തെ തന്നെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ മന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.
കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്നറുകൾ തട്ടി മത്സ്യബന്ധന ബോട്ടുകൾക്കും വലകൾക്കും വൻ കേടുപാടുകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ തന്നെയാണ് കോടതിയെ സമീപിച്ചത്. ഈ കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം. നിയമനടപടികൾ അതിവേഗം പൂർത്തിയാക്കി തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് ഉടൻ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.




+ There are no comments
Add yours