കടൽത്തീരങ്ങളിൽ നീല, മരുഭൂമിയിൽ സ്വർണ്ണ നിറം; ദുബായിലെ സ്ട്രീറ്റ് ബോർഡുകൾക്ക് ഇനി പുതിയ വിഷ്വൽ ഐഡന്റിറ്റി

Estimated read time 1 min read

ദുബായ്: ദുബായ് നഗരത്തിലെ നിരത്തുകളിലുള്ള സ്ട്രീറ്റ്, സൈൻ, അഡ്രസ് ബോർഡുകളുടെ രൂപവും നിറവും അടിമുടി മാറുന്നു. നഗരത്തിന് പുതിയ വിഷ്വൽ ഐഡന്റിറ്റി നൽകുന്നതിന്റെ ഭാഗമായി ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താകും ഇനി ബോർഡുകൾക്ക് നിറം നൽകുക.

സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിംഗ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബായ് മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശങ്ങളുടെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനായി പ്രധാനമായും അഞ്ച് നിറങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ നീല നിറത്തിലുള്ള ബോർഡുകളും മരുഭൂമി പ്രദേശങ്ങളിൽ സ്വർണ്ണ നിറത്തിലുള്ള ബോർഡുകളുമാകും സ്ഥാപിക്കുക. ഏരിയ ഐഡന്റിഫിക്കേഷൻ അടയാളങ്ങൾ, സ്ട്രീറ്റ് ബോർഡുകൾ, വീടുകളുടെ അഡ്രസ് ബോർഡുകൾ എന്നിവയെല്ലാം ഇത്തരത്തിൽ ഏകീകൃത ഡിസൈനിലാകും ഒരുക്കുക.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഞ്ച് മേഖലകളിലായി രണ്ടായിരത്തിലധികം ബോർഡുകൾ മാറ്റി സ്ഥാപിക്കും. സാബീൽ 1, സാബീൽ 2, നാദ് അൽ ഷെബ, അൽ ഖവാനീജ് 1, നസ്വ എന്നീ പ്രദേശങ്ങളിലാണ് തുടക്കത്തിൽ പുതിയ ബോർഡുകൾ വരുന്നത്. നഗരവളർച്ച, ജനസാന്ദ്രത, വിനോദസഞ്ചാര-പാർപ്പിട കേന്ദ്രങ്ങളുടെ സാന്നിധ്യം, തിരക്കേറിയ സ്ഥലങ്ങൾ, ഇതുവരെ ഔദ്യോഗികമായി പേരില്ലാത്ത തെരുവുകൾ എന്നിവ പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കേണ്ട മേഖലകൾ ആർടിഎയും മുനിസിപ്പാലിറ്റിയും മുൻഗണനാടിസ്ഥാനത്തിൽ തീരുമാനിക്കുന്നത്. 2030-ഓടെ ദുബായ് പൂർണ്ണമായും ഈ പുതിയ വിഷ്വൽ ഐഡന്റിറ്റിയിലേക്ക് മാറുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

+ There are no comments

Add yours