തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനം. ഇന്ന് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ‘ഇല്ലീഗൽ മുഖ്യമന്ത്രി’ എന്ന ടാഗ് ലൈൻ ഉയർത്തിക്കാട്ടിയാകും സംസ്ഥാനത്ത് പ്രതിഷേധങ്ങൾ അരങ്ങേറുക. എൻഡിഎ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സാധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാവ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മറുപടിയായി സംസ്ഥാന മുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ കോർ കമ്മിറ്റി യോഗം പ്രത്യേകം അഭിനന്ദിച്ചു. മന്ത്രിമാർക്കെതിരെ നടത്തിയ ഇത്തരം പ്രക്ഷോഭങ്ങളിലൂടെ വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ യോഗത്തിൽ വിലയിരുത്തി.
അതേസമയം, തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി. സംസ്ഥാനത്തെ ഏക ബിജെപി മേയർ എന്ന പ്രത്യേക പരിഗണന നൽകി അദ്ദേഹത്തെ അടിയന്തരമായി കമ്മിറ്റിയുടെ ഭാഗമാക്കണമെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.




+ There are no comments
Add yours