ബെംഗളൂരു: ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് നിഷേധിക്കുന്ന എസ്‌ഐആർ (SIR) സംവിധാനം റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും പ്രമുഖ നടൻ പ്രകാശ് രാജ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം, കമ്മീഷണറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്നത് മാത്രമല്ല ഈ പ്രക്ഷോഭത്തിന്റെ ലക്ഷ്യം. ഗ്യാനേഷ് കുമാർ പോയാൽ പകരം മറ്റൊരാൾ ആ സ്ഥാനത്തേക്ക് വരും. അതിനാൽ എസ്‌ഐആർ എന്ന സംവിധാനം തന്നെയാണ് ഇല്ലാതാക്കേണ്ടത്. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ ഒരു തുടക്കം മാത്രമാണെന്നും തങ്ങളുടെ പോരാട്ടം എക്കാലത്തും സമാധാനപരമായിരിക്കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ‘ഇന്ത്യ’ സഖ്യം നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. ഇന്നലത്തേതിന് സമാനമായി ഇന്നും ഇന്ത്യ സഖ്യം എംപിമാരെ എഐസിസി അധ്യക്ഷൻ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസിലെ മൊയെറ്റ്‌സ് ഹോട്ടലിൽ വെച്ച് നടക്കുന്ന ഈ കൂടിക്കാഴ്ചയിലാകും ഇന്നത്തെ പ്രതിഷേധ വേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ഉച്ചഭക്ഷണത്തിന് ശേഷം നേതാക്കൾ രാജ്ഘട്ടിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ രാജ്ഘട്ടിൽ സംഘടിച്ച് മുദ്രാവാക്യം വിളിക്കുന്നുണ്ട്.




+ There are no comments
Add yours