തിരുവനന്തപുരം: ഇ.എന്‍. സുരേഷ് ബാബുവിനെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് സ്ത്രീപീഡന പരാതിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷയുമായ പി.കെ. ശ്രീമതി. സ്ത്രീ പീഡകർക്കെതിരെ എക്കാലത്തും കർശന നടപടിയെടുക്കുന്നതാണ് പാർട്ടിയുടെ രീതിയെന്നും അത് ഇനിയും തുടരുമെന്നും അവർ വ്യക്തമാക്കി. പീഡനത്തിന് തീവ്രത കുറവാണെന്ന തരത്തിലുള്ള യാതൊരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
സുരേഷ് ബാബുവിനെ വ്യക്തിപരമായ കാരണങ്ങളാലാണ് മാറ്റിയതെന്നായിരുന്നു സിപിഐഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ ഇതുവരെയുള്ള വിശദീകരണം. മാധ്യമങ്ങൾ പലതവണ ചോദിച്ചിട്ടും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. കെ.കെ ശൈലജ, പി. സതീദേവി തുടങ്ങിയ മുതിർന്ന വനിതാ നേതാക്കളും പരാതി ലഭിച്ച കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാർട്ടി ഘടകങ്ങളിൽ വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ഇവർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്നത്.
അതേസമയം, പാലക്കാട്ടെ മുൻ ജില്ലാ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. ആരോപണ വിധേയനെതിരെ പരാതി നൽകാൻ യുവതി മുന്നോട്ടുവരികയാണെങ്കിൽ സർക്കാർ അവർക്കൊപ്പം പൂർണ്ണമായി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.




+ There are no comments
Add yours