പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് സി.ജെ.പി; ബെംഗളൂരുവിൽ പ്രതിഷേധം ശക്തം; പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

Estimated read time 1 min read

ബെംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) പേരിൽ കർണാടകത്തിൽ വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയ നടപടിക്കെതിരെ ബെംഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുയർന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്.ഐ.ആർ പ്രക്രിയ പൂർണ്ണമായി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജനകീയ കോടതി സംഘടിപ്പിച്ചത്. ഇതിനുപിന്നാലെ അതിക്രമങ്ങൾക്കിരയായ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മകമായി ‘ചപ്പൽ പ്രതിഷേധം’ നടത്തുന്നതാണെന്നും പാർട്ടി അറിയിച്ചു. സി.ജെ.പി നേതാക്കളായ അഭിജീത്ത് ദീപ്കെ, സൗരവ് ദാസ്, പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ഏത് രാഷ്ട്രീയ പാർട്ടിക്ക് വേണമെങ്കിലും വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും എസ്.ഐ.ആറിലൂടെ അത് നിഷേധിക്കുകയാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത പ്രകാശ് രാജ് പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും എസ്.ഐ.ആർ റദ്ദാക്കും വരെ സമാധാനപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ച് തെരുവിലിറങ്ങുന്നതാണ് കർണാടകയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours