പട്ന: ബിഹാറിലെ ജമുയിയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ നടന്ന സദാചാര ആക്രമണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) രൂപീകരിച്ചു. ജമുയി സബ് ഡിവിഷണൽ പൊലീസ് ഓഫീസറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സംഭവത്തിൽ മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. ബാക്കിയുള്ള നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജമുയി പൊലീസ് സ്റ്റേഷനിൽ പോക്സോ (POCSO) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെയാണ് അതിക്രമം നടന്നത്. പ്രധാന റോഡിൽ നിന്ന് മൂന്ന് കിലോമീറ്ററോളം മാറിയുള്ള കുന്നിൻ പ്രദേശത്ത് വെച്ച് സംഘം ഇവരെ തടഞ്ഞുനിർത്തി. വിദ്യാർത്ഥികളെ അധിക്ഷേപിച്ച അക്രമികൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. അക്രമികളോട് തങ്ങളെ വിട്ടയക്കാൻ വിദ്യാർത്ഥികൾ കരഞ്ഞപേക്ഷിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്.
അക്രമികളിൽ ഒരാൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുഖം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പങ്കുവെക്കുന്നത് കുറ്റകരമാണെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വീഡിയോ പ്രചരിപ്പിച്ച 13 ഫേസ്ബുക്ക്, 12 ഇൻസ്റ്റഗ്രാം, ഏഴ് എക്‌സ് (ട്വിറ്റർ) അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സംഭവം വലിയ വിവാദമായതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി പോക്സോ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


+ There are no comments
Add yours