തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക്; പ്രവർത്തന കേന്ദ്രം മാറ്റാൻ ആര്യാ രാജേന്ദ്രന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അനുമതി

Estimated read time 0 min read

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രൻ തന്റെ താമസവും രാഷ്ട്രീയ പ്രവർത്തന കേന്ദ്രവും കോഴിക്കോട്ടേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനുമതി തേടി ആര്യ നൽകിയ അപേക്ഷയ്ക്ക് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുമതി നൽകി. ഇക്കാര്യത്തിൽ സി.പി.ഐ.എം സംസ്ഥാന സെന്റർ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. നിലവിൽ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ.

ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവും കുടുംബവും കോഴിക്കോടായതിനാലാണ് ആര്യ അവിടേക്ക് മാറാൻ താല്പര്യം അറിയിച്ചത്. 2022 സെപ്റ്റംബറിൽ മേയറായിരിക്കെയായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് വയസ്സുള്ള മകളുമുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവെന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ സംഘടനാ പരിപാടികളിൽ അവർ നേരത്തെ തന്നെ സജീവമാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആര്യയുടെ മേയർ കാലാവധി അവസാനിച്ചിരുന്നു. ഇത്തവണ അവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. വരും കാലങ്ങളിൽ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ പരിഗണിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. മുൻ മേയർമാരായ വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എന്നിവരെ നിയമസഭയിലെത്തിച്ച മാതൃകയിൽ ആര്യയെയും ഉയർത്തിക്കൊണ്ടുവരാനാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്.

അതേസമയം, ഇത്തവണ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാത്തത് വിവാദങ്ങളെ ഭയന്നിട്ടല്ലെന്ന് ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. തന്നെ മത്സരിപ്പിച്ചതും മേയറാക്കിയതും പാർട്ടിയാണെന്നും, അതിനാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കാനുള്ള പൂർണ്ണ അവകാശം പാർട്ടിക്കാണെന്നും അവർ വ്യക്തമാക്കി.

+ There are no comments

Add yours