‘വാഹനങ്ങൾ കൊലയാളി യന്ത്രങ്ങൾ, ഡ്രൈവർമാർ റോഡിലെ കാലന്മാർ’; കാക്കനാട് യുവതി മരിച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Estimated read time 1 min read

കൊച്ചി: കാക്കനാട് സ്വകാര്യ ബസിടിച്ച് അക്ഷര എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും അധികൃതർക്കുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട കോടതി, അത് കണ്ടുനിൽക്കാൻ കഴിയാത്തത്ര ഭയാനകമാണെന്ന് വ്യക്തമാക്കി. ആ പെൺകുട്ടിക്ക് മാറിനിൽക്കാൻ പോലും അവിടെ സ്ഥലമില്ലായിരുന്നു. ഏത് നിമിഷവും ആർക്കും സംഭവിക്കാവുന്ന ദുരന്തമാണിത്. ചില വാഹനങ്ങൾ കൊലയാളി യന്ത്രങ്ങളെപ്പോലെയാണ് (Killing machines) നിരത്തിലിറങ്ങുന്നതെന്നും ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ഇവിടെ സിസ്റ്റം പരാജയപ്പെട്ടു. അതുകൊണ്ട് ആ കുടുംബത്തോട് സിസ്റ്റത്തിന് വേണ്ടി കോടതി മാപ്പ് ചോദിക്കുകയാണ്. എത്ര തവണ ഇങ്ങനെ മാപ്പ് പറയേണ്ടിവരും? അക്ഷരയുടെ വിയോഗത്തിൽ കുടുംബത്തിന്റെ സങ്കടത്തിനൊപ്പം കോടതിയും നിൽക്കുന്നു. നിരന്തരം നിയമലംഘനങ്ങൾ നടത്തുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പി.സി.സി (Police Clearance Certificate) നൽകരുത്. ഡ്രൈവർമാർക്ക് ഐ.ഡി കാർഡ് നിർബന്ധമാക്കണം. കുറ്റക്കാർക്കെതിരെ മാത്രമല്ല, ബസ്സുടമകൾക്കെതിരെയും കർശന നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർച്ചയായി ഹോണടിച്ച് ആളുകളെ ഭയപ്പെടുത്തുന്നതാണ് പലരുടെയും രീതി. നടപ്പാതകൾ പോലും ഇരുചക്രവാഹനങ്ങൾ കയ്യടക്കിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന് പറഞ്ഞ് ബസുകളുടെ സമയക്രമത്തിന്റെ കാര്യത്തിൽ പൊലീസ് ആശങ്കപ്പെടേണ്ടതില്ലെന്നും, അത് മോട്ടോർ വാഹന വകുപ്പ് (MVD) നോക്കിക്കൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. നിരത്തിലൂടെ മര്യാദയ്ക്ക് വാഹനം ഓടിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പൊലീസിന്റെ ജോലി. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ കോടതിക്കെതിരെ ആക്രമണം നടക്കാറുണ്ടെന്നും, എന്നാൽ കർശന നിലപാടുമായി തന്നെ മുന്നോട്ട് പോകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

അതേസമയം, പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടികൾ തുടങ്ങിയതായി കൊച്ചി ഡി.സി.പി അരുൺ കെ. പവിത്രൻ കോടതിയെ അറിയിച്ചു. ബസ് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കുകയാണ്. അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ടായിരുന്നതായും ഡി.സി.പി കോടതിയിൽ വ്യക്തമാക്കി.

+ There are no comments

Add yours