ന്യൂഡൽഹി: യു.എസ് തിരഞ്ഞെടുപ്പ് ഫലം ഡോണാൾഡ് ട്രംപിന്റെയും തീവ്ര വലതുപക്ഷ നിലപാടുകളുടെയും വലിയ തിരിച്ചടിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അമേരിക്കയിൽ ട്രംപിനെ ജയിപ്പിക്കാൻ അവിടെയൊരു ഗ്യാനേഷ് കുമാർ ഇല്ലായിരുന്നുവെന്നും, അതുകൊണ്ടാണ് അദ്ദേഹം പരാജയപ്പെട്ടതെന്നും എം.എ. ബേബി പരിഹസിച്ചു. അമേരിക്കയിലേതിന് സമാനമായ ഭരണമാറ്റം ഇന്ത്യയിലുമുണ്ടാകും. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനങ്ങൾ തെറ്റാണെന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി ഇപ്പോൾ താഴെയിറങ്ങി നടക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് പ്രതിപക്ഷത്തിന്റെ വലിയ വിജയമാണ്. കേന്ദ്ര സർക്കാരിനെതിരെ ‘ഇന്ത്യ’ സഖ്യത്തിന്റെ അടുത്തഘട്ട പ്രതിഷേധ പരിപാടികളും പാർലമെന്റിലെ സമരങ്ങളും ആലോചനയിലുണ്ട്. ഭരണവിരുദ്ധ പ്രക്ഷോഭങ്ങളും പാർട്ടി തലത്തിലുള്ള പഠന പരിപാടികളും ഒരുമിച്ച് കൊണ്ടുപോകാനാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്. എല്ലാം തികഞ്ഞവരാണെന്ന അഹംഭാവം സി.പി.ഐ.എം പ്രവർത്തകർക്കില്ല. ജനങ്ങളിൽ നിന്ന് നിരന്തരം പഠിക്കുകയും, വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തി ജനങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയുമാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾക്ക് പാർലമെന്ററി വ്യാമോഹം ഉണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ പഠന ക്ലാസുകൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ തുടർ ചർച്ചകൾ വരും ദിവസങ്ങളിൽ സംസ്ഥാന തലത്തിൽ നടക്കും. പ്രത്യേക കാരണങ്ങളാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പഠന ക്ലാസ്സിൽ പങ്കെടുക്കാതിരുന്നതെന്നും, അദ്ദേഹത്തിന് ഇതിൽ പ്രത്യേക ഇളവ് നൽകിയിട്ടുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.




+ There are no comments
Add yours