വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അമേരിക്കയും ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) നേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇറാനെതിരെയുള്ള അമേരിക്കയുടെ ഭാവി നീക്കങ്ങളും പശ്ചിമേഷ്യൻ സുരക്ഷയുമാകും യോഗത്തിലെ പ്രധാന ചർച്ചാവിഷയം.
ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് മടിക്കില്ലെന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഒരു സൈനിക നീക്കത്തേക്കാൾ നയതന്ത്രപരമായ സമവായത്തിനോ ധാരണാപത്രത്തിനോ ആണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇറാനെ പൂർണ്ണമായി കീഴടക്കുക എന്നത് പ്രായോഗികമല്ലെന്നാണ് അമേരിക്കയുടെ പുതിയ വിലയിരുത്തൽ. കൂടാതെ, ഇറാൻ ഭരണതലപ്പത്തുള്ള ഐ.ആർ.ജി.സി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) പശ്ചാത്തലമുള്ള മുതിർന്ന നേതാക്കളെ കേവലം സൈനിക സമ്മർദ്ദത്തിലൂടെ മാത്രം മുട്ടുകുത്തിക്കാനാകില്ലെന്നും കരുതപ്പെടുന്നു.
അമേരിക്കയുടെ ഏത് നീക്കത്തിനും ഗൾഫ് രാജ്യങ്ങളുടെ പിന്തുണ അനിവാര്യമാണ്. എന്നാൽ കടുത്ത സൈനിക നടപടിയിലേക്ക് നീങ്ങിയാൽ ജിസിസി രാജ്യങ്ങൾ പിന്തുണച്ചേക്കില്ലെന്നാണ് സൂചന. അതിനാൽ, ഇറാനിൽ നിന്നും അവരുടെ പിന്തുണയുള്ള സായുധ സംഘങ്ങളിൽ നിന്നുമുള്ള ഏത് ഭീഷണിയെയും നേരിടാൻ അമേരിക്ക ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന ഉറപ്പ് ഇന്നത്തെ കൂടിക്കാഴ്ചയിൽ ട്രംപിന് നൽകേണ്ടി വരും.
സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനുകൾക്ക് നേരെ ഈ മാസം നടന്ന ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ഇറാനും സഖ്യകക്ഷികളും ജിസിസി രാജ്യങ്ങളെയാകും പ്രധാനമായും ലക്ഷ്യമിടുക എന്നാണ് ഇവരുടെ ഭയം.
ഉപരോധങ്ങളിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കുന്ന അമേരിക്കൻ തന്ത്രം തുടക്കത്തിൽ വിജയം കണ്ടിരുന്നുവെങ്കിലും സമീപകാല സംഭവവികാസങ്ങൾ സ്ഥിതിഗതികൾ മാറ്റിമറിച്ചു. ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂതികളും, ചെങ്കടൽ പൈപ്പ്‌ലൈനിൽ ഇറാഖി സായുധ സംഘങ്ങളും നടത്തിയ ആക്രമണങ്ങളോടെ ആഗോള തലത്തിൽ എണ്ണവില ഉയരുകയും ഊർജ്ജ പ്രതിസന്ധിയുടെ ആശങ്കകൾ ശക്തമാവുകയും ചെയ്തു. ഈ വെല്ലുവിളികൾ മുൻനിർത്തി, ഇറാനെതിരെ പ്രായോഗികവും സുരക്ഷിതവുമായ പുതിയൊരു നയം രൂപീകരിക്കാനാകും ഇന്നത്തെ കൂടിക്കാഴ്ചയിൽ അമേരിക്കയും ജിസിസി രാജ്യങ്ങളും ശ്രമിക്കുക.


+ There are no comments
Add yours