മലപ്പുറം: മുഖ്യമന്ത്രിയുടെ വിവാദ ചാർട്ടേഡ് വിമാനയാത്രയിലും മന്ത്രിമാരുടെ ആഡംബര യാത്രകളിലും സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.ടി ജലീൽ. നിലവിലെ സർക്കാരിനെ ‘പൂക്കി സർക്കാർ ഓശാരം സർക്കാർ’ എന്ന് വിശേഷിപ്പിച്ചാണ് ജലീൽ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്. മന്ത്രി കെ.എം ഷാജിയുടെ റേഞ്ച് റോവർ യാത്രയും മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളും അദ്ദേഹം പോസ്റ്റിൽ എടുത്തുകാട്ടുന്നുണ്ട്. മന്ത്രിമാർക്ക് ബെൻസോ റോൾസ് റോയ്സോ സൗജന്യമായി നൽകിയാൽ എയ്ഡഡ് സ്കൂൾ മാനേജർ പദവി ഉറപ്പാണെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ വിമാനയാത്ര, തദ്ദേശമന്ത്രിയുടെ റേഞ്ച് റോവർ കാർ ഉപയോഗം, മന്ത്രിമാരുടെ കുടുംബസമേതമുള്ള വിദേശയാത്രകൾ, ചില മന്ത്രിമാർ ഉപയോഗിക്കുന്ന എ.ടി.എം കാർഡുകൾ എന്നിവയെല്ലാം ‘ഓശാര’മായി (സൗജന്യമായി) ലഭിക്കുന്നതാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന വിമർശനം.
കഴിഞ്ഞ ദിവസം മലപ്പുറത്തെ മഴക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കരിപ്പൂരിലേക്ക് സാധാരണ വിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും, ഇതിന്റെ ചെലവ് പൂർണ്ണമായും സ്പോൺസറാണ് വഹിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇതോടെ സ്പോൺസർ ആരാണെന്ന ചോദ്യമുയർത്തി പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെതിരെ പി രാജീവ്, എം വിജിൻ തുടങ്ങിയ നേതാക്കളും വിമർശനമുന്നയിച്ചിരുന്നു.
സുഹൃത്തും വ്യവസായിയുമായ യാക്കൂബിന്റെ ആഡംബര കാർ മന്ത്രി കെ.എം ഷാജി ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചതാണ് മറ്റൊരു വിവാദം. വിമർശനങ്ങളെ തുടർന്ന് കാർ തിരികെ നൽകിയെങ്കിലും, വ്യവസായിക്ക് സർക്കാർ വഴിവിട്ട സഹായങ്ങൾ ചെയ്തെന്ന ആരോപണം ഉയർന്നുവന്നു. കണ്ണൂർ കാവുംപടി സി.എച്ച് മുഹമ്മദ് സ്മാരക ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റിയിൽ യാക്കൂബിനെ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നേരിട്ട് ഇടപെട്ടുവെന്ന വാർത്തകൾ ലീഗ് പ്രാദേശിക നേതൃത്വത്തിലും വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ഇതിന് പുറമെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളും സർക്കാരിനെ പ്രതിരോധത്തിലാക്കി. സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിലും, ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ വിവാഹ സൽക്കാരത്തിനായി അബുദാബിയിലുമാണ് പോയത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി ബൾഗേറിയയും, കായിക മന്ത്രി ഒ.ജെ ജനീഷ് ഒമാനും സന്ദർശിച്ചതിന്റെ ലക്ഷ്യങ്ങളിൽ വ്യക്തതയില്ല. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ബഹ്റൈനിലെ ഓണാഘോഷ പരിപാടികളിലും പങ്കെടുത്തു. അതേസമയം, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി പി.സി വിഷ്ണുനാഥ് എന്നിവരുടെ വിദേശയാത്രകൾ ഔദ്യോഗികമാണെന്നാണ് വിശദീകരണം.


+ There are no comments
Add yours