ഉദ്യോഗസ്ഥരെ മാറ്റുന്നത് കേരളത്തിൽ പുതിയ സംഭവമല്ല; സീറാം സാംബശിവറാവുവിന്റെ സ്ഥാനമാറ്റത്തിൽ വിശദീകരണവുമായി മന്ത്രി എം. ലിജു

Estimated read time 1 min read

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും സീറാം സാംബശിവറാവുവിനെ മാറ്റിയത് സ്വാഭാവിക ഭരണനടപടി മാത്രമാണെന്നും, അദ്ദേഹത്തോട് തനിക്ക് യാതൊരു വ്യക്തിപരമായ അതൃപ്തിയുമില്ലെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മാറ്റുക എന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. വകുപ്പ് സെക്രട്ടറിമാരെയും കമ്മീഷണർമാരെയും മാറ്റുന്നത് തികച്ചും ഭരണപരമായ തീരുമാനമാണ് (അഡ്മിനിസ്ട്രേറ്റീവ് ഡിസിഷൻ). കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ചോളം ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. അതിനൊപ്പം ഒരാൾ കൂടി മാറിയെന്നേയുള്ളൂവെന്നും, ഇതിൽ പ്രത്യേകതയൊന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയൊരു ബാർ ലൈസൻസ് അനുവദിക്കുമ്പോൾ സർക്കാർ അത് നിർബന്ധമായും അറിഞ്ഞിരിക്കണം. വർഷങ്ങളായി വൈൻ പാർലറായി പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം അപേക്ഷ നൽകിയതിന് പിന്നാലെ ബാറായി മാറുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളാണ് ഇവിടെ പ്രശ്നമായത്. എഫ്.എൽ 7 (FL 7) ലൈസൻസുമായി ബന്ധപ്പെട്ടല്ല, മറിച്ച് എഫ്.എൽ 3 (FL 3) ലൈസൻസിന്റെ കാര്യത്തിലാണ് താൻ നേരത്തെ പരാമർശം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. വിവാദമായ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് യാതൊരു മുൻവിധിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ മദ്യനയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് അനുവദിക്കരുതെന്ന നിർദ്ദേശം മറികടന്ന് ലോഞ്ച് ബാറുകൾക്ക് ലൈസൻസ് നൽകിയത് വലിയ വിവാദമായിരുന്നു. ഈ തീരുമാനം വകുപ്പ് മന്ത്രിയെ അറിയിച്ചില്ലെന്ന ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സീറാം സാംബശിവറാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കിയത്. കഴിഞ്ഞ ജൂണിൽ ലൈസൻസ് അനുവദിച്ച വിവരം ഈ മാസമാദ്യം പുറത്തുവന്നപ്പോൾ തന്നെ കമ്മീഷണർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചന മന്ത്രി എം. ലിജു നൽകിയിരുന്നു.

+ There are no comments

Add yours