തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് കെ.എസ്.ഇ.ബിക്ക് ഉറപ്പുനൽകിയിട്ടില്ലെന്നും, ഇങ്ങനെയൊരു പ്രൊപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ചോദിച്ചു.
ജി.എൻ.എ (GNA) ഒരു വൈദ്യുതി ഉൽപ്പാദന കമ്പനിയല്ലെന്ന് ഇപ്പോൾ വാദിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന് കുറിപ്പുകൾ എഴുതി നൽകുന്നവർ ഇക്കാര്യം മനപ്പൂർവ്വം മറച്ചുവെച്ചതാണോ അതോ അദ്ദേഹത്തെ നാണംകെടുത്താൻ ശ്രമിക്കുകയാണോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് കൊണ്ടുവന്ന ദീർഘകാല കരാർ എട്ട് വർഷത്തിന് ശേഷം റദ്ദാക്കിയത് മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. അതിനുശേഷം 8 രൂപ മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കൂട്ടുനിന്ന അദ്ദേഹം എടുത്തതുപോലുള്ള ജനദ്രോഹപരമായ ഒരു തീരുമാനവും ഈ സർക്കാർ കൈക്കൊള്ളില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ അഴിമതിയുണ്ടെന്നും, ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സെബിയുടെ (SEBI) അന്വേഷണം നേരിടുന്ന ഒരു കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര പ്രത്യേക താല്പര്യമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, വിഷയത്തിൽ വൈദ്യുതി മന്ത്രി പാലിക്കുന്ന മൗനം നിസ്സഹായതയാണെന്നും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.




+ There are no comments
Add yours