എറണാകുളം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ച വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നടപടിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ അടിസ്ഥാനമാക്കിയെന്ന് വി.സി അവകാശപ്പെടുന്ന നിഷ്പക്ഷ നിരീക്ഷകന്റെ കത്തും ഇ-മെയിൽ സന്ദേശവും കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകി.
നിരീക്ഷകന്റെ ശുപാർശ പ്രകാരമാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്ന വി.സിയുടെ വാദം തള്ളിക്കൊണ്ട് നിരീക്ഷകൻ തന്നെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നടപടി. സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് നടപടികൾ സുഗമമായി മുന്നോട്ടുപോകുന്നതിനിടെയാണ്, നിരീക്ഷകന്റെ കത്ത് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി വി.സി അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ തീരുമാനിച്ചത്.
വി.സിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. താൻ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ശുപാർശ ചെയ്ത് കത്ത് നൽകിയിട്ടില്ലെന്ന് നിഷ്പക്ഷ നിരീക്ഷകൻ തന്നെ വ്യക്തമാക്കിയതോടെ വി.സിയുടെ വാദങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. രേഖകൾ പരിശോധിച്ച ശേഷം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.




+ There are no comments
Add yours