തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 9 മുതൽ 15 വരെ നടത്തിയ വ്യാപക പരിശോധനയിൽ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി. പിഴയിനത്തിൽ മാത്രം ഒരു കോടി എട്ട് ലക്ഷം രൂപയാണ് പോലീസിന് ലഭിച്ചത്.
ദേശീയ-സംസ്ഥാന പാതകളിലടക്കം ഗതാഗത നിയമലംഘനങ്ങൾ വ്യാപകമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാന പാതകളിൽ 8,764-ഉം ദേശീയ പാതകളിൽ 8,441-ഉം നിയമലംഘനങ്ങൾ കണ്ടെത്തിയപ്പോൾ, മറ്റു റോഡുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (15,180). അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ, തിരക്കേറിയ പാതകൾ, പ്രധാന ജംഗ്ഷനുകൾ, സർവീസ് റോഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ നടന്നത്.
വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നിരന്തര പരിശോധനകൾ തുടരാനാണ് പോലീസിന്റെ തീരുമാനം. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ അടിയന്തര ചികിത്സയ്ക്കായി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റും അനധികൃത പാർക്കിംഗുകൾ വലിയ തടസ്സമാകുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
ട്രാഫിക് ആൻ്റ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് ഐ.ജിയുടെ നിർദേശപ്രകാരം ട്രാഫിക് നോർത്ത്-സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിൽ, ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് ഒരാഴ്ച നീണ്ട പരിശോധന പൂർത്തിയാക്കിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ഐ.ജി വ്യക്തമാക്കി.


+ There are no comments
Add yours