ശബരിമല നെയ്യ് ക്രമക്കേട്: കരാറുകാരനും ദേവസ്വം ജീവനക്കാരനും മൂന്ന് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ

Estimated read time 1 min read

കൊല്ലം: ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വൻ ക്രമക്കേടിൽ അറസ്റ്റിലായ രണ്ട് പ്രതികളെ വിജിലൻസ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കേസിലെ നാലും അഞ്ചും പ്രതികളായ ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനു, ദേവസ്വം ജീവനക്കാരൻ ജയലാൽ എന്നിവരെയാണ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനൊപ്പം ഇവരുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് സംഘം വിശദമായി പരിശോധിക്കും.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന ഉയർന്ന നിലവാരമുള്ള മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് കേസ്. ഇതിന് പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി ദേവസ്വം ബോർഡിൽ നിന്ന് പണം തട്ടിയതിൽ നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനും ദേവസ്വം ബോർഡിലെ പഞ്ചവാദ്യം കലാകാരനുമായ ജയലാലിന് കൃത്യമായ പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

കരാറുകാരനായ എസ്.എസ്. ബിനു ഈ തട്ടിപ്പിലൂടെ ലക്ഷങ്ങൾ അനധികൃതമായി സമ്പാദിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വ്യാജരേഖ ചമച്ചും ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തും പ്രതികൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

+ There are no comments

Add yours