ന്യൂഡൽഹി: ദീപാവലിക്ക് ജീവനക്കാർക്ക് മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്സുമൊക്കെ സമ്മാനമായി നൽകുന്നതാണ് കമ്പനികളുടെ പതിവ്. എന്നാൽ ഈ പതിവുകളൊക്കെ മാറ്റിമറിച്ച്, ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഐഫോൺ 16 നൽകി ഞെട്ടിച്ചിരിക്കുകയാണ് ഡൽഹിയിലെ രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി. ജീവനക്കാർക്ക് അപ്രതീക്ഷിതമായി ഈ വമ്പൻ സമ്മാനം ലഭിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മേശപ്പുറത്തെ സർപ്രൈസ് കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സർപ്രൈസ് സമ്മാനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജീവനക്കാരുടെ കമ്പ്യൂട്ടറുകൾക്ക് മുന്നിലായി റിബൺ കെട്ടി മനോഹരമായി പൊതിഞ്ഞുവെച്ചിരിക്കുന്ന നിരവധി ഐഫോണുകൾ വീഡിയോയിൽ കാണാം. വെള്ള, പച്ച, നീല, കറുപ്പ് തുടങ്ങി വിവിധ നിറങ്ങളിലുള്ള ഐഫോൺ 16 ആണ് മേശപ്പുറത്ത് ഒരുക്കിവെച്ചിരുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് വിലപിടിപ്പുള്ള സമ്മാനം ഏറ്റുവാങ്ങിയ ജീവനക്കാരുടെ അതിയായ സന്തോഷവും ആവേശവും കാണാൻ സാധിക്കും. ‘മത്സരമില്ല! നിങ്ങൾക്ക് എന്താണ് കിട്ടിയത്?’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് കമ്പനി ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
‘വേക്കൻസിയുണ്ടോ?’ വീഡിയോ പുറത്തുവന്നതോടെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കമ്പനിയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുന്നതിനൊപ്പം, ഈ സ്ഥാപനത്തിൽ ജോലി ഒഴിവുകളുണ്ടോ എന്നാണ് നെറ്റിസൺസ് കൂടുതലായും ചോദിക്കുന്നത്. വൈറൽ വീഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്സ് മുഴുവൻ ‘വേക്കൻസി ഹായ് ക്യാ?’ (ജോലി ഒഴിവുണ്ടോ?) എന്ന ചോദ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിലവിൽ ഈ വീഡിയോ ഇൻറർനെറ്റിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.




+ There are no comments
Add yours