ഹൈക്കോടതി വിധിക്ക് പിന്നാലെ ചുമതലയേൽക്കാൻ മിൽമ മുൻ ഭരണസമിതിയെത്തി; എം.ഡി സ്ഥലത്തില്ലാത്തതിനാൽ നടപടികൾ വൈകുന്നു

Estimated read time 1 min read

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ, വീണ്ടും അധികാരമേൽക്കാൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്തെത്തി. എന്നാൽ, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട മിൽമ എം.ഡി സ്ഥലത്തില്ലാത്തതിനാൽ ഇവർക്ക് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കാനായില്ല.

ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടുന്ന ആറംഗ ഭരണസമിതിയാണ് വീണ്ടും ചുമതല ഏൽക്കേണ്ടത്. നിലവിലെ നിയമപ്രകാരം എം.ഡിയുടെ അനുമതിയോടെയും സാന്നിധ്യത്തിലുമാണ് ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. എം.ഡി എത്തിയ ശേഷം മാത്രമേ ഇവർക്ക് ചുമതല ഏറ്റെടുക്കാൻ സാധിക്കൂ.

ഹൈക്കോടതി ഉത്തരവും പശ്ചാത്തലവും ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈ 25-നാണ് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള മിൽമ തിരുവനന്തപുരം മേഖലാ യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്. സർക്കാരിന്റെ ഈ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഭരണസമിതി അംഗങ്ങൾ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിലാണ് സർക്കാരിന് തിരിച്ചടിയേറ്റത്. പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, പഴയ ഭരണസമിതിയെ വീണ്ടും പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

അതേസമയം, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സർക്കാരിനേറ്റ തിരിച്ചടിയായി കാണാനാകില്ലെന്നും, കോടതി നിർദ്ദേശിച്ച കാര്യങ്ങൾ പാലിക്കാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

+ There are no comments

Add yours