തുഷാർ കപൂറിന് പിന്നാലെ ആയുഷ്മാൻ ഖുറാനയ്ക്കും ‘ബിഷ്‌ണോയ് ഗാംഗിന്റെ’ ഭീഷണി കോൾ; ആവശ്യപ്പെട്ടത് കോടികൾ

Estimated read time 1 min read

മുംബൈ: ബോളിവുഡ് താരങ്ങൾക്കെതിരെയുള്ള ഗുണ്ടാസംഘങ്ങളുടെ ഭീഷണി തുടരുന്നു. നടൻ തുഷാർ കപൂറിന് പിന്നാലെ ആയുഷ്മാൻ ഖുറാനയ്ക്കും കുപ്രസിദ്ധമായ ലോറൻസ് ബിഷ്‌ണോയ് ഗാംഗിന്റെ പേരിൽ ഭീഷണി കോൾ ലഭിച്ചു. ഫോണിലൂടെ ബന്ധപ്പെട്ട സംഘം നടനോട് കോടികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ പ്രമുഖ ഗുണ്ടാസംഘത്തിന്റെ പേര് ഉപയോഗിച്ച് പണം തട്ടാൻ ലക്ഷ്യമിട്ടുള്ള വ്യാജ കോളാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ആയുഷ്മാൻ ഖുറാനയ്ക്ക് ലഭിച്ച ഫോൺ കോളിലെ ശബ്ദസാമ്പിളുകൾ പോലീസിന്റെ പക്കലുള്ള റെക്കോർഡുകളുമായി ഒത്തുനോക്കി പരിശോധിച്ചുവരികയാണ്. നേരത്തെ നടൻ തുഷാർ കപൂറിന് ‘ഹാരി ബോക്സർ’ എന്ന പേരിൽ സമാനമായ ഭീഷണി സന്ദേശം ലഭിക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലെ ശബ്ദസാമ്പിളുകൾ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘം അത് യഥാർത്ഥ ഹാരി ബോക്സറുടെ ശബ്ദമല്ലെന്നും വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ഒക്ടോബർ 18-ന് മുംബൈ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫ് സഞ്ചരിച്ച കാറിന് നേരെയുണ്ടായ വെടിവെപ്പിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ആക്രമണത്തിൽ ടൈഗർ ഷ്രോഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. ഈ വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. ജയിലിൽ കഴിയുന്ന ബിഷ്‌ണോയിയുടെ സഹായി അനിൽ പണ്ഡിറ്റാണ് ഈ കേസിലെ പ്രധാന പ്രതി. ഇതുമായി ബന്ധപ്പെട്ട് 13 പേരെയാണ് പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തത്. പിടിയിലായ ഷൂട്ടർമാർ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ വീടുകൾ നിരീക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

+ There are no comments

Add yours