മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല; കേരള റോഡ് സുരക്ഷാ മിഷൻ പ്രഖ്യാപനം 15-ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി

Estimated read time 1 min read

കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പുതിയ സമഗ്ര പദ്ധതിയായ ‘കേരള റോഡ് സുരക്ഷാ മിഷന്റെ’ പ്രഖ്യാപനം ഈ മാസം 15-ന് നടക്കും. പ്രമുഖ നടൻ മമ്മൂട്ടിയാണ് റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസഡർ. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കേരളത്തിൽ പ്രതിവർഷം 3800-ലോളം പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന കണക്കുകൾ. ഇത് പരമാവധി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ ബോധവൽക്കരണം ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ, മദ്യപിച്ചും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കും. ഇതിന്റെ ഭാഗമായി, മദ്യപിച്ച് വാഹനമോടിച്ചാൽ നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാറ്റി, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം പരിഷ്കരിക്കും.

കൃത്യമായ റോഡ് സുരക്ഷാ സംസ്കാരം സംസ്ഥാനത്ത് വളർത്തിയെടുക്കുകയാണ് ഈ മിഷനിലൂടെ സർക്കാർ പ്രധാനമായും വിഭാവനം ചെയ്യുന്നത്. പദ്ധതി കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഗതാഗത വകുപ്പിന് പുറമെ ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി എന്നീ വകുപ്പുകളെ കൂടി ഏകോപിപ്പിച്ചുകൊണ്ടാകും റോഡ് സുരക്ഷാ മിഷൻ നടപ്പിലാക്കുക.

+ There are no comments

Add yours