ദുബായ്: ദുബായിൽ പൊതുഗതാഗത യാത്രയ്ക്കും ദൈനംദിന പണമിടപാടുകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പുതിയ ‘നോൾ-ജൈവാൻ’ കാർഡുകൾ അവതരിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) യു.എ.ഇ സെൻട്രൽ ബാങ്കിന് കീഴിലുള്ള അൽ ഇത്തിഹാദ് പേയ്‌മെന്റ്സും തമ്മിൽ കരാർ ഒപ്പുവെച്ചു.
ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ചെയർമാനുമായ മതർ അൽ തായർ, അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് ചെയർമാനും സെൻട്രൽ ബാങ്ക് അസിസ്റ്റന്റ് ഗവർണറുമായ സൈഫ് ഹുമൈദ് അൽ ദഹേരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. നവംബർ മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പുതിയ കാർഡ് സംവിധാനം നിലവിൽ വരും.
എന്താണ് നോൾ-ജൈവാൻ കാർഡ്? ദുബായിൽ മെട്രോ, ബസ്, ടാക്സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാനുള്ള സ്മാർട്ട് കാർഡാണ് നോൾ കാർഡ്. യു.എ.ഇ-യുടെ ദേശീയ പേയ്‌മെന്റ് സംവിധാനമാണ് ജൈവാൻ. ഇവ രണ്ടും സംയോജിപ്പിച്ചാണ് പുതിയ കാർഡ് പുറത്തിറക്കുന്നത്. ആദ്യഘട്ടത്തിൽ പൊതുഗതാഗത സേവനങ്ങൾക്കും, സ്വകാര്യ ഗതാഗത സംവിധാനങ്ങൾക്കും, പൊതുപാർക്കിങ്ങിനുമുള്ള പണമടയ്ക്കാൻ കാർഡ് ഉപയോഗിക്കാം. പിന്നീട് ജൈവാൻ സംവിധാനത്തിലൂടെ ദൈനംദിന പണമിടപാടുകൾക്കും ഓൺലൈൻ ബുക്കിങ്ങുകൾക്കും ഇത് ഉപയോഗിക്കാൻ സാധിക്കും.
ആൻഡ്രോയിഡ്, ഐ.ഒ.എസ് (iOS) ഫോണുകൾ വഴി എളുപ്പത്തിൽ കാർഡ് ആക്ടിവേറ്റ് ചെയ്യാനും നിയന്ത്രിക്കാനും സൗകര്യമുണ്ടാകും. ഇതിന് പുറമെ, പുതിയ നോൾ-ജൈവാൻ കാർഡ് ഉടമകൾക്ക് 120-ലേറെ ഓഫറുകളും പ്രത്യേക ഇളവുകളും ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്. പുതിയ സംവിധാനം വരുന്നതോടെ ദുബായ് നിവാസികൾക്ക് പണമിടപാടുകളും യാത്രാ ബുക്കിങ്ങുകളും കൂടുതൽ ലളിതമാകും.




+ There are no comments
Add yours