തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്ത വിദ്യാർഥികളിൽ നിന്ന് മാപ്പപേക്ഷ എഴുതിവാങ്ങിയ നടപടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും റോജി എം. ജോൺ എം.എൽ.എയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഇത് സവർക്കറുടെ പാരമ്പര്യമാണെന്നും, ഇതാണോ ഇവർ പറയുന്ന നെഹ്രുവിയൻ രാഷ്ട്രീയമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചു.
മാപ്പപേക്ഷ വാങ്ങാൻ നാണമില്ലേ? തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്ത വിദ്യാർഥികളിൽ നിന്ന് മാപ്പപേക്ഷ വാങ്ങാൻ നാണമില്ലേയെന്ന് ബ്രിട്ടാസ് ചോദിച്ചു. വിദ്യാർഥികൾക്ക് വി.ഡി. സവർക്കറുടെ പാരമ്പര്യമാണെന്ന തെറ്റിദ്ധാരണ ആർ.എസ്.എസ് നിയമിച്ച വൈസ് ചാൻസലർക്കുണ്ടാകാം. എന്നാൽ അത്തരമൊരു ചിന്ത വി.ഡി. സതീശനും റോജി എം. ജോണിനും ഉണ്ടാകാൻ പാടില്ലായിരുന്നു. വിയോജിക്കാനും പ്രക്ഷോഭം നടത്താനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നതാണ്. ഇത്തരം സമരങ്ങളിലൂടെയാണ് നമ്മുടെ രാജ്യം തന്നെ രൂപപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ അനുകൂലമാക്കാൻ ആർ.എസ്.എസ് വി.സിമാരെ വിലക്കെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തൊട്ടാകെ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്. എതിർശബ്ദങ്ങളെ ദേശദ്രോഹികളെന്നും സാമൂഹികവിരുദ്ധരെന്നും മുദ്രകുത്തുന്ന ബി.ജെ.പിയുടെ നടപടികൾക്ക് പുല്ലുവില കൽപിച്ച് ‘ഇന്ത്യാ’ സഖ്യം ഡൽഹിയിൽ ഉൾപ്പെടെ സമരം ചെയ്യുമ്പോഴാണ്, കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാവി വെച്ച് ഇവർ പന്താടുന്നത്. നെഹ്രുവിയൻ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവരുടെ യഥാർത്ഥ രാഷ്ട്രീയം ഇതാണോ എന്നും ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചു.




+ There are no comments
Add yours