ചേരാനല്ലൂർ വാഹനാപകടം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയെന്ന് ഭദ്രകീർത്തി; ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്

Estimated read time 1 min read

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ തെളിവ് നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ്. അപകടത്തിൽപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയിൽ നിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണ്ണ പ്രതീക്ഷയുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും ഭദ്രകീർത്തി വ്യക്തമാക്കി.

അപകടം നടന്ന സ്ഥലത്ത് 17-കാരനായ പ്രതിയുടെ പിതാവായ ജഡ്ജിയും ഭാര്യയും സുഹൃത്തും എത്തിയതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും കൈമാറി. ഉദ്യോഗസ്ഥർ കൃത്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും ഭദ്രകീർത്തി പ്രതികരിച്ചു.

അതേസമയം, കേസിൽ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തു. ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.

+ There are no comments

Add yours