ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നും, നിലവിലെ എൻ.ഡി.എ സർക്കാർ ഒരു വർഷത്തിനകം താഴെ വീഴുമെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കും’
പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാകില്ലെന്നും, ഒരു മുഖാമുഖ സംവാദത്തിന് തയ്യാറായാൽ അഞ്ച് മിനിറ്റിനകം അദ്ദേഹം ദേശവിരുദ്ധനാണെന്ന് താൻ തെളിയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയുമായി ഒരു കരാറിൽ ഒപ്പിടാൻ ട്രംപ് മോദിയെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
“കഴിഞ്ഞ ദിവസം ഞാൻ നരേന്ദ്ര മോദിയെ നേരിട്ടുള്ള ഒരു സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ആരെ വേണമെങ്കിലും ഈ സംവാദത്തിൽ വിധികർത്താവാക്കാം. എന്നാൽ എന്റെ മുന്നിലിരുന്ന് സംവദിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുകയാണ്. ചർച്ച ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് ഡൊണാൾഡ് ട്രംപാണെന്നും അദ്ദേഹം ദേശദ്രോഹിയാണെന്നും എനിക്ക് തെളിയിക്കാൻ സാധിക്കും”- രാഹുൽ ഗാന്ധി വ്യക്തമാക്കി.




+ There are no comments
Add yours